![]() |
| കൂത്താട്ടുകുളത്തിന് സമീപം എംസി റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ മിനി ലോറിയ്‌ക്കുള്ളില്‍ കുരുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാനുള്ള ശ്രമം. |
![]() |
| ഡ്രൈവറെ പുറത്തെത്തിച്ചപ്പോള്‍. |
15-ന് ഉച്ചകഴിഞ്ഞ് ഒന്നിന് എംസി റോഡില്‍ കൂത്താട്ടുകുളത്തിന് സമീപം കാലിക്കട്ട് ജംഗ്‌ഷനിലായിരുന്നു അപകടം. കാഞ്ഞിരപ്പിള്ളിയില്‍ നിന്നും പഴയ പേപ്പറുകളുമായി മൂവാറ്റുപുഴയ്‌ക്ക് പോവുകയായിരുന്ന മിനി ലോറിയാണ് അപകടത്തില്‍ പെട്ടത്.
ഇവിടെയുള്ള വളവില്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയിലേക്ക് നീങ്ങിയ വാഹനം 15 അടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. ഞെരിഞ്ഞമര്‍ന്ന ക്യാബിനില്‍ നിന്നും പുറത്ത് കടക്കാനാവാത്ത നിലയിലായിരുന്നു സലിം. മണ്‍തിട്ടയിലേയ്‌ക്ക് ചേര്‍ന്ന് അമര്‍ന്ന വാതില്‍ ഭാഗത്ത് കാല് കുരുങ്ങിയതാണ് പുറത്തെടുക്കുന്നതിന് തടസമായത്.
നാട്ടുകാരുടെ നേതൃത്വത്തില്‍ കയര്‍ ഉപയോഗിച്ച് വാഹനം നിവര്‍ത്താനുള്ള ശ്രമവും വിജയിച്ചില്ല. പോലീസ് സ്ഥലത്തെത്തിയതിനെത്തുടര്‍ന്ന് സ്വകാര്യ കമ്പനിയുടെ ക്രെയിന്‍ എത്തിച്ച് വാഹനം ഉയര്‍ത്തി നിര്‍ത്തി സലിമിനെ പുറത്തെത്തിക്കുകയായിരുന്നു. മൂവാറ്റുപുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സും എത്തിയിരുന്നു. കാലില്‍ രണ്ടിടത്തായി ചെറിയ മുറിവുകളുള്ള സലിമിനെ ദേവമാതാ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‌കി വിട്ടയച്ചു. ബിച്ചു സെബാസ്‌റ്റിയന്‍, കെ. ഉല്ലാസ് എന്നിവരുടെ നേതൃത്വത്തില്‍ കൂത്താട്ടുകുളം ഫുട്‌ബോള്‍ ക്ലബ് അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
എംസി റോഡിലെ കൊടുംവളവായ ഇവിടെ വാഹനാപകടങ്ങള്‍ പതിവായിരിക്കുകയാണ്. ഒരാഴ്‌ച മുമ്പ് ഹൈദരാബാദില്‍ നിന്നും പഠനയാത്ര പോയ വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച ടെമ്പോട്രാവലര്‍, കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്കേറ്റിരുന്നു. ആറ് മാസം മുമ്പ് കള്ള് കൊണ്ടുവരാന്‍ പോയ പെട്ടിജീപ്പ് ഇതേ സ്ഥാനത്ത് നിയന്ത്രണം വിട്ട് മറിഞ്ഞു. ബാംഗ്ലൂരില്‍ നിന്നും കോട്ടയത്തേക്ക് പ്രതിദിന സര്‍വീസ് നടത്തുന്ന വോള്‍വോ ബസ് രണ്ട് വര്‍ഷം മുമ്പ് ഇവിടെ അപകടകരമായ നിലയില്‍ തെന്നി മറിയുമെന്ന നിലയില്‍ കുരുങ്ങി നിന്നിരുന്നു. അന്ന് ബസിനുള്ളില്‍ കുരുങ്ങിയവരെ സാഹസികമായാണ് പുറത്തെത്തിച്ചത്.


















